ടെലഗ്രാം വിലക്കിയാൽ ചോർച്ച തടയാനൊക്കുമോ?
നീറ്റ് യു ജി ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ടെലഗ്രാമിന് ഏർപ്പെടുത്തിയ വിലക്കിന്റെ നിയമപരവും സാമൂഹികവുമായ മാനങ്ങളെക്കുറിച്ചുള്ള വിശകലനം.

മത്സരപരീക്ഷകൾ നിർണയിക്കുന്നത് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ്. എന്നാൽ സമീപകാലത്തായി തുടർച്ചയായുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചകൾ ആ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുകയാണ്. ഏറ്റവുമൊടുവിൽ നീറ്റ് യു ജി (NEET UG) പരീക്ഷാ ചോദ്യപേപ്പർ ചോർന്നപ്പോൾ, സിസ്റ്റത്തിലെ ഗുരുതരമായ പാളിച്ചകൾ തിരുത്തുന്നതിന് പകരം അധികൃതർ ടെലഗ്രാമിനെ പഴിചാരി വിലക്കേർപ്പെടുത്തി.
സ്വകാര്യ കോച്ചിംഗ് മേഖലയിലെ അനിയന്ത്രിതമായ വളർച്ച ഭീമമായ ഫീസ് നിരക്കുകൾക്ക് കാരണമായിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം കോച്ചിംഗ് സെൻ്ററുകൾ വിദൂരസ്വപ്നമാണ്. ഗ്രാമീണമേഖലയിൽ നിന്നുള്ള കുട്ടികൾക്കും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ടെലഗ്രാം പോലെയുള്ള ആപ്പുകൾ കേവലം ആശയവിനിമയ ഉപാധികൾ മാത്രമല്ല. മറിച്ച്, അവരുടെ ലൈബ്രറിയും കോച്ചിംഗ് സെൻ്ററും കൂടിയാണ്. ഓൺലൈൻ ക്ലാസുകൾ, മോക്ക് ടെസ്റ്റുകൾ, വിലയേറിയ പഠനസാമഗ്രികൾ, മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ തുടങ്ങിയവ സൗജന്യമായി ലഭ്യമാക്കുന്ന ഇത്തരം ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ അവർക്ക് വലിയ ആശ്രയമാണ്. ഒരു ചെറിയ ശതമാനം ആളുകൾ ചെയ്ത കുറ്റകൃത്യത്തിന്റെ പേരിൽ, ഇന്ത്യയിലെ 15 കോടിയോളം വരുന്ന ഉപഭോക്താക്കൾക്ക് വിലക്കേർപ്പെടുത്തുന്നത് തികഞ്ഞ അനീതിയാണ്.
2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 69A പ്രകാരമാണ് കേന്ദ്രസർക്കാർ ടെലഗ്രാമിന് വിലക്കേർപ്പെടുത്തിയത്. ഈ നിയമം ഓൺലൈനിലെ ഏത് വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ നിന്ന് തടയാനുള്ള അധികാരം കേന്ദ്രസർക്കാരിന് നൽകുന്നു. വെബ്സൈറ്റുകൾ, ആപ്പുകൾ, സോഷ്യൽമീഡിയ അക്കൗണ്ടുകൾ, പ്രത്യേക ഓൺലൈൻ ഉള്ളടക്കങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനായി സർക്കാർ ഉപയോഗിക്കുന്ന പ്രധാന നിയമസംവിധാനമാണിത്. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഈ വിലക്കിനെ ഡൽഹി ഹൈക്കോടതി ശരിവെച്ചെങ്കിലും, ഇത് കടുത്ത ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
കേന്ദ്രസർക്കാർ ടെലഗ്രാമിന് ഏർപ്പെടുത്തിയ വിലക്ക് ഭരണഘടനാവിരുദ്ധമാണ്. വിവരങ്ങൾ ലഭിക്കുന്നതിനും ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ ആശയവിനിമയം നടത്തുന്നതിനുമുള്ള അവകാശം അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 19(1)(a)-യുടെ ഭാഗമാണ്. അതേസമയം, ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും, രാജ്യത്തിന്റെ സുരക്ഷ, ക്രമസമാധാനം, മാന്യത അല്ലെങ്കിൽ ഒരു കുറ്റകൃത്യത്തിനുള്ള പ്രേരണ എന്നിവ കണക്കിലെടുത്ത് ഈ അവകാശത്തിന്മേൽ ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആർട്ടിക്കിൾ 19(2) അനുവദിക്കുന്നു. ആനുപാതികതയാണ് (proportionality) ഇവിടുത്തെ നിർണായകമായ ചോദ്യം. 2020-ലെ അനുരാധ ഭാസിൻ കേസിൽ, ഇന്റർനെറ്റ് റദ്ദാക്കലുകൾ ആനുപാതികതാ പരിശോധനയ്ക്ക് വിധേയമാകണമെന്നും, ഉത്തരവുകൾ പൊതുസമൂഹത്തിന് ലഭ്യമാക്കണമെന്നും, ഇന്റർനെറ്റ് സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കുന്നത് അനുവദനീയമല്ലെന്നും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിട്ടുണ്ട്. ഇന്റർനെറ്റിലൂടെയുള്ള അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യവും, ഏതെങ്കിലും തൊഴിൽ ചെയ്യുന്നതിനുള്ള അവകാശവും ആർട്ടിക്കിൾ 19(1)(a), 19(1)(g) എന്നിവ പ്രകാരം ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണെന്ന് കോടതി അംഗീകരിച്ചു. ടെലഗ്രാം നിയന്ത്രണത്തിന്റെ താൽകാലിക സ്വഭാവം, അനുരാധ ഭാസിൻ കേസിൽ കോടതി അപലപിച്ച തരത്തിലുള്ള അനിശ്ചിതകാല റദ്ദാക്കലുകളിൽ നിന്നും ഇതിനെ വേർതിരിച്ചുകാണിക്കാൻ ഇടയാക്കുമെങ്കിലും, ആനുപാതികതാ പരിശോധന ഇതിനും ബാധകമാണ്.
ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം ടെലഗ്രാമിൽ നിന്നല്ല. മറിച്ച് അത് പ്രിന്റിംഗ് പ്രസ്സുകളിൽ നിന്നോ, ട്രാൻസ്പോർട്ട് ചെയ്യുമ്പോഴോ, പരീക്ഷാ സെൻ്ററുകളിൽ നിന്നോ ആണ്. അത് ടെലഗ്രാമിലൂടെ പങ്കുവെക്കപ്പെടുക മാത്രമാണുണ്ടായത്. ഇതിനുത്തരവാദികളായ, ചോർത്താൻ കൂട്ടുനിന്ന കരാർ ഏജൻസികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെയാണ് നടപടിയെടുക്കേണ്ടത്. മറിച്ച് അത് പങ്കുവെക്കപ്പെട്ട പ്ലാറ്റ്ഫോമിനെതിരെയല്ല. ഇത്തരം നടപടികൾ തകർക്കുന്നത് സാധാരണക്കാരായ വിദ്യാർഥികളുടെ പഠനാവകാശങ്ങളെയാണ്.
ആപ്പുകൾ നിരോധിക്കുന്നതിന് പകരം ചോദ്യപേപ്പർ ചോർന്ന ഉറവിടം അറിഞ്ഞാൽ ട്രാക്കിംഗ് എളുപ്പമാകും. ക്രിമിനലുകൾ ഏത് പ്ലാറ്റ്ഫോമിലാണ് ഉള്ളതെന്ന് അറിയുകയാണെങ്കിൽ സൈബർ വിദഗ്ധർക്ക് അവരെ നിരീക്ഷിക്കാനും വ്യാജ അക്കൗണ്ടുകൾ വഴി അവരുടെ ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി വിവരങ്ങൾ ശേഖരിക്കാനും സാധിക്കും. "ഈ വിലക്ക് കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല, ചോർച്ചകൾ മറ്റു ആപ്പിലേക്ക് മാറി" എന്നാണ് ടെലഗ്രാം സി ഇ ഒ പാവൽ ഡുറോവ് ഈ വിഷയത്തിൽ പ്രതികരിച്ചത്. ടെലഗ്രാം ബാൻ ചെയ്യപ്പെടുമ്പോൾ തട്ടിപ്പുകാർ കൂടുതൽ സുരക്ഷിതമായ അജ്ഞാത ആപ്പുകളിലേക്കോ ഡാർക്ക് വെബ്ബിലേക്കോ മാറും. അവിടെ അവരെ കണ്ടെത്തുക എന്നുള്ളത് അന്വേഷണ ഏജൻസികൾക്ക് ശ്രമകരമാണ്.പരീക്ഷ നടത്തിപ്പിലെ ഇത്തരം ക്രമക്കേടുകൾ നമ്മുടെ വിദ്യാഭ്യാസസംവിധാനത്തെ ഇരുട്ടിൽ നിർത്തിയിരിക്കുകയാണ്. നീറ്റ് പോലെയുള്ള പരീക്ഷാനടത്തിപ്പിൽ സമഗ്രമായ മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എൻ ടി എ അടക്കമുള്ള സംവിധാനങ്ങളെ പരിഷ്കരിക്കേണ്ടതുണ്ട്.
2024-ലെ നീറ്റ് പരീക്ഷ ക്രമക്കേടിന് ശേഷം പ്രവേശനപരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങൾ നിർദേശിക്കാൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം മുൻ ഐ എസ് ആർ ഒ ചെയർമാനായ ഡോ. കെ രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയമിച്ചിരുന്നു. പ്രസ്തുത കമ്മീഷൻ റിപ്പോർട്ട് ഉന്നയിച്ച നിർദ്ദേശങ്ങൾ പ്രധാനപ്പെട്ടവയാണ്. ചോദ്യപേപ്പർ ചോർച്ച പൂർണ്ണമായും തടയുന്നതിനായി ഹൈബ്രിഡ് പരീക്ഷാസംവിധാനം (Computer-assisted Secure Pen-and-Paper Testing) നടപ്പിലാക്കുക. ഇതിലൂടെ എൻക്രിപ്റ്റ് ചെയ്ത ചോദ്യപ്പേപ്പറുകൾ പരീക്ഷാകേന്ദ്രങ്ങളിലേക്ക് ഡിജിറ്റലായി അയക്കുകയും പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാത്രം അവിടെവെച്ച് പ്രിൻ്റ് ചെയ്തെടുക്കുകയും ചെയ്യാം. ഭൗതികമായി ചോദ്യപേപ്പറുകൾ കൊണ്ടുപോകുമ്പോഴുണ്ടാകുന്ന ചോർച്ച ഒഴിവാക്കാൻ ഇത് സഹായിക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) താൽക്കാലിക ജീവനക്കാരെയും പുറമേ നിന്നുള്ള മറ്റ് ഏജൻസികളെയും ആശ്രയിക്കുന്നത് കുറയ്ക്കുകയും, പകരം സ്ഥിരമായി ഒരു പ്രൊഫഷണൽ ഉദ്യോഗസ്ഥസംഘത്തെ നിയമിക്കുകയും ചെയ്യുക. നിലവിൽ എൻ ടി എയിൽ ആകെ 25 ജീവനക്കാർ മാത്രമാണുള്ളത്. പരീക്ഷാനടത്തിപ്പിനായി താൽകാലിക ജീവനക്കാരെയും പുറമെ നിന്നുള്ള ഏജൻസികളെയുമാണ് എൻ ടി എ ആശ്രയിക്കുന്നത്. നീറ്റ് (NEET) പോലുള്ള വലിയ പരീക്ഷകളുടെ നടത്തിപ്പിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി ഒന്നിലധികം ഘട്ടങ്ങളായോ (പ്രിലിംസ്, മെയിൻസ് എന്നിങ്ങനെ) അല്ലെങ്കിൽ പല ദിവസങ്ങളിലായോ പരീക്ഷകൾ നടത്തുക.സ്വകാര്യസ്ഥാപനങ്ങൾക്ക് പകരം മികച്ച സർക്കാർ സ്ഥാപനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട്, രാജ്യത്തുടനീളം ഉയർന്ന സുരക്ഷയുള്ള, കുറഞ്ഞത് ആയിരം സ്ഥിരം പരീക്ഷാകേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നിവയൊക്കെയാണ് പ്രസ്തുതകമ്മിറ്റി കേന്ദ്രസർക്കാർ മുമ്പാകെ സമർപ്പിച്ച നിർദ്ദേശങ്ങൾ. ഈ നിർദ്ദേശങ്ങളൊക്കെയും കേന്ദ്രസർക്കാർ നടപ്പിലാക്കണം.
നീറ്റ് പോലെയുള്ള നിർണ്ണായക പരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്താൻ കർശനനടപടികൾ സ്വീകരിച്ചേ മതിയാകൂ. പരീക്ഷാസംവിധാനത്തോടുള്ള വിദ്യാർഥികളുടെ അവിശ്വാസ്യത മാറ്റിയെടുക്കാൻ സമഗ്രമായ പരിഷ്കരണം അനിവാര്യമാണ്.