വിദ്യാർഥികളായിരിക്കണം കേന്ദ്രം; പരീക്ഷകൾ പരീക്ഷണങ്ങളാവരുത്
ഇന്ത്യയിലെ നിലവിലെ പരീക്ഷാസംവിധാനവും, അഭികാമ്യമായ പരീക്ഷാസംവിധാനവും തമ്മിൽ വലിയ അന്തരമുണ്ട്. വിദ്യാർഥികളായിരിക്കണം പരീക്ഷകളുടെ കേന്ദ്രം. പരീക്ഷാ സംവിധാനങ്ങൾ വിദ്യാർഥികളിൽ നിന്ന് അകലുന്തോറും വിദ്യാർഥികളെയും വിദ്യാഭ്യാസത്തെയും അസന്തുലിതമായി ബാധിച്ചുകൊണ്ടിരിക്കും. ഇരുണ്ട കരങ്ങളില്ലെങ്കിൽ പോലും ഫലപ്രഖ്യാപനങ്ങളിൽ വിജയിച്ചവനും അർഹിച്ചവനും തമ്മിലുള്ള അന്തരം കാണാനാവും.

“ഞാൻ എന്നോടുതന്നെ ചോദിക്കുകയാണ്: വിദ്യാഭ്യാസം ഭാഗ്യത്തെ ആശ്രയിച്ചിരിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? വിദ്യാഭ്യാസത്തിന് മനുഷ്യനെ ഉണർത്താൻ കഴിയുമെങ്കിൽ, അത്തരം ഉണർവ് യാദൃശ്ചികമായി സംഭവിക്കുന്നതല്ല. മറിച്ച്, അത് ആസൂത്രിതമായി സംഭവിക്കുന്ന തരത്തിൽ ഒരു ദേശീയ വിദ്യാഭ്യാസ ചട്ടക്കൂട് രൂപകൽപന ചെയ്യാൻ നമുക്ക് കഴിയില്ലേ? വിദ്യാഭ്യാസം സമൂഹത്തിൽ കൂടുതൽ പ്രസക്തമാവണമെന്ന് സോനം ആഗ്രഹിച്ചു. മനുഷ്യർക്ക് വേണ്ടിയാണ് വിദ്യാഭ്യാസം കൂടുതൽ പ്രസക്തമാവേണ്ടതെന്ന് ഞാനും ആശിച്ചു. ഇന്ത്യയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ പരിവർത്തനത്തിലേക്കാണ് ഞങ്ങളുടെ ജീവിതാനുഭവങ്ങളിൽ നിന്ന് വളർന്നു വന്ന തത്വങ്ങൾ വിരൽചൂണ്ടിയത്. ഓർമശക്തിക്ക് പകരം ഗ്രാഹ്യശേഷിയെ അംഗീകരിക്കുന്ന പരീക്ഷകൾ; വിശ്വാസവും ആദരവും അർഹിക്കുന്ന അധ്യാപകർ; പഠനത്തെ ജീവിതവുമായി വീണ്ടും ബന്ധിപ്പിക്കുന്ന വിദ്യാലയങ്ങൾ; സാഹചര്യങ്ങൾ എന്തുതന്നെയായാലും ഓരോ കുട്ടിക്കും ഉയർന്ന നിലവാരത്തിലുള്ള പൊതുവിദ്യാഭ്യാസം; വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും തുടർച്ചയായ നിക്ഷേപം; തെരഞ്ഞെടുപ്പ് ചക്രങ്ങളെ അതിജീവിക്കുന്ന വിദ്യാഭ്യാസപരിഷ്‌കാരങ്ങൾ. ഇവയൊന്നിച്ചു ചേരുമ്പോൾ, കഴിവുള്ള മനസ്സുകളെ മാത്രമല്ല, സഹാനുഭൂതിയുള്ള ഹൃദയങ്ങളെയും ലക്ഷ്യബോധമുള്ള ജീവിതങ്ങളെയും വളർത്തിയെടുക്കാൻ കഴിയും. സോനത്തിൽ ഞാൻ ഒരു പ്രതിഷേധക്കാരനെ കാണുന്നില്ല. താൻ ചെയ്യാനായിരുന്ന ദൗത്യത്തിൽ നിന്ന് ബലമായി അകറ്റപ്പെടുന്ന ഒരു അധ്യാപകനെയാണ് ഞാൻ കാണുന്നത്.” സോനം വാങ്‌ചുക്കിന്റെ നിരാഹാരസമരകാലത്ത് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ. അങ്മോ കുറിച്ചിട്ട വരികളാണിത്.
ജന്തർ മന്തറിലെ വിദ്യാർഥി സമരത്തിന്റെ കാരണമെന്തായിരുന്നു? സമഗ്രത നഷ്ടപ്പെടുന്ന കേന്ദ്രീകൃത പരീക്ഷകളോടുള്ള വിദ്യാർഥിത്വത്തിന്റെ അമർഷമായിരുന്നു അടച്ചിട്ട പതിനേഴ് മെട്രോസ്റ്റേഷനുകളെയും മറ്റ് ഗതാഗതനിയന്ത്രണങ്ങളെയും തരണം ചെയ്ത് ഇന്ത്യയുടെ സമരഭൂമിയിലേക്ക് ഒഴുകിയെത്തിയത്. ആകസ്മികമായി രൂപീകരിക്കപ്പെട്ട ഒരു ‘പാർട്ടി’യുടെ ലേബലിൽ, വിദ്യാർഥിസമൂഹം ഭരണകർത്താക്കൾക്ക് മുന്നിൽ ഉയർത്തിയ പ്രധാനവിഷയം നീറ്റ് (യു ജി) പരീക്ഷാ ക്രമക്കേടായിരുന്നു. സമീപകാല റെക്കോർഡ് പരിശോധിച്ചാൽ, ഒട്ടും നീറ്റല്ല, നീറ്റിന്റെ നടത്തിപ്പെന്ന് അനുമാനിക്കാനാവും. മെഡിക്കൽ വിദ്യാർഥികളാവാനാഗ്രഹിച്ച ഇരുപത്തൊന്ന് പേർ ഈ നീറ്റ് സീസണിൽ മാത്രം സ്വയം ജീവനെടുത്തു എന്നാണ് കരുതുന്നത്.
കഴിഞ്ഞ ഒരു ദശാബ്ദകാലത്ത് മാത്രം അഞ്ച് തവണയാണ് നീറ്റ് പരീക്ഷ കരിനിഴലിൽ നിന്നത്. അതിൽ തന്നെ വിദ്യാർഥികൾ എഴുതിക്കഴിഞ്ഞ പരീക്ഷകൾ റദ്ദാക്കുന്ന സ്ഥിതി വരെ വന്നിരുന്നു. പതിനേഴ് വയസ്സ് പ്രായമുള്ളവർ മുതൽ എഴുതുന്ന നീറ്റ് (യു ജി) പരീക്ഷയിൽ പല ഘട്ടങ്ങളിലും പരീക്ഷാകേന്ദ്രങ്ങൾ പോലും കുട്ടികളെ പരീക്ഷിക്കുന്ന അവസ്ഥയാണുണ്ടായിട്ടുള്ളത്. സ്വന്തമായി പാസ്‌പോർട്ട് പോലും ഇല്ലാത്ത മഹാരാഷ്ട്രക്കാരനായ അബ്ദുള്ള മുഹമ്മദ് താലിബിന് നീറ്റ് പുനഃപരീക്ഷയ്ക്ക് ആദ്യം അനുവദിച്ച സെന്റർ അബൂദാബിയിലായിരുന്നു. സ്ഥിരവിലാസത്തിൽ നിന്ന് മുന്നൂറ് കിലോമീറ്റർ അകലെ പരീക്ഷാകേന്ദ്രങ്ങൾ ലഭിച്ചവരുണ്ട്. കൂടാതെ, പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട സംവിധാനക്കുറവുകളും സാങ്കേതിക തകരാറുകളും പരീക്ഷാർഥികൾക്ക് പലപ്പോഴും പരീക്ഷണമൂകതയാണ് നൽകിയത്.
ചോർച്ചകൾ തടയുക എന്നതും, സമഗ്രത വിട്ടുവീഴ്ച ചെയ്യാതിരിക്കുകയെന്നതും പരീക്ഷ നടത്തിപ്പിൽ അത്യന്താപേക്ഷിതമാണ് എന്നിരിക്കെ തന്നെ, ഇവ ഉറപ്പാക്കാനായി അടക്കേണ്ട പഴുതുകൾ തുറന്നിട്ട്, അനഭിലഷണീയമായ സുരക്ഷാ ക്രമീകരണങ്ങളാണ് സ്വീകരിക്കപ്പെട്ടത്. മേയ് മൂന്നിനാണ് മുൻപ് നിശ്ചയിച്ച നീറ്റ് (യു ജി) പരീക്ഷ നടന്നത്. പേപ്പർ ചോർച്ചയുടെ ആരോപണങ്ങൾ വന്ന് ഈ പരീക്ഷ റദ്ദാക്കിയതോടെ, ജൂൺ ഇരുപത്തൊന്നിനാണ് റീ-നീറ്റ് നടന്നത്. ഈ രണ്ട് ഞായറാഴ്ചകളിലും, അതിന് മുമ്പ് വരുന്ന ശനിയാഴ്ചകളിലും, മുൻപ് പരീക്ഷ തരണം ചെയ്തവരെയെല്ലാം നിർബന്ധിതമായി അവരുടെ മെഡിക്കൽ കോളേജുകളിലും മറ്റ് സ്ഥാപനങ്ങളിലുമായി നിർത്തണമെന്നാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ എം സി) കീഴ്ഘടകങ്ങളിലേക്ക് ഉത്തരവിറക്കിയത്. മതപരമോ സാംസ്കാരികവുമായ വസ്ത്രധാരണവുമായി ബന്ധപ്പെട്ട പരീക്ഷാർഥികളുടെ വ്യർഥമായ അനുഭവങ്ങൾ പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് പലപ്പോഴായി കേൾക്കുന്നതാണ്. ബയോമെട്രിക് സംവിധാനം തുടങ്ങിയ നൂതനവിദ്യകൾ ഉള്ളിടത്ത്, എന്തിനായിരിക്കും ഇത്ര അനാവശ്യ നടപടികൾ? പതിനഞ്ച് കോടിയിലധികം ആളുകൾ ഇന്ത്യയിൽ ഉപയോഗിക്കുന്ന, പല പരീക്ഷാർഥികളും പഠനാവശ്യത്തിന് ഉപയോഗിക്കുന്ന ടെലഗ്രാം ആപ്പ്, റീ-നീറ്റ് പ്രമാണിച്ച് ഇന്ത്യയിലാകെ താത്കാലികമായി മരവിപ്പിച്ചിതും ശരിയായ നടപടി ആണോ?
രാജ്യത്ത് പന്ത്രണ്ടാം തരം വിദ്യാർഥികൾ പ്രധാനമായും ആശ്രയിക്കുന്ന ഒരു ബോർഡാണ് സി ബി എസ് ഇ. സി ബി എസ് ഇ പുതുതായി അവതരിപ്പിച്ച ഓൺസ്‌ക്രീൻ മാർക്കിംഗ് സിസ്റ്റം നിലവിൽ വന്ന്, ആദ്യവർഷം വന്ന ഫലം തന്നെ വിദ്യാർഥികളെ ആകെ ആശങ്കയിൽ നിർത്തുകയാണുണ്ടായത്. മൂല്യനിർണയങ്ങൾ കുറച്ചുകൂടി സാങ്കേതികമാക്കാൻ ശ്രമിച്ചപ്പോൾ, ഒരു കൂട്ടം പിഴവുകളാണ് വിദ്യാർഥികൾക്ക് നേരിടേണ്ടി വന്നത്. ഈ പരീക്ഷയിലെ അപാകതകൾ ബാധിച്ച സാർഥിക് സിദ്ധാന്ത് എന്ന വിദ്യാർഥി ഓൺസ്‌ക്രീൻ മാർക്കിങ്ങിന്റെ കരാർ നൽകിയതുമായി ബന്ധപ്പെട്ട ഗൗരവതരമായ വെളിപ്പെടുത്തലുകളാണ് മുന്നോട്ട് കൊണ്ടുവന്നത്. Coempt Eduteck എന്ന ടെക് കമ്പനിക്ക് ഓൺസ്‌ക്രീൻ മാർക്കിംഗ് സിസ്റ്റം നടത്തിപ്പിന്റെ കരാർ നൽകുന്നതിനുവേണ്ടി സി ബി എസ് ഇ നിയമങ്ങൾ തിരുത്തിയെന്നാണ് സാർഥിക് അവകാശപ്പെടുന്നത്. ഈ വാദം സാധൂകരിക്കുന്നതിനായി നിരവധി തെളിവുകളാണ് അദ്ദേഹം നിരത്തിയത്. ആദ്യം തന്നെ സാർഥിക് ചൂണ്ടിക്കാട്ടിയത്, ഫെബ്രുവരി മാസം ആരംഭിച്ച ടെന്റർ, നാലാം ടെന്ററിൽ Coempt Eduetckന് കരാർ ഉറപ്പിക്കുന്നതുവരെ വലിച്ചുനീട്ടിയെന്നാണ്. മുൻപ് പരീക്ഷാ നടത്തിപ്പിൽ അപാകതയുണ്ടെങ്കിൽ ലേലത്തിൽ പങ്കെടുക്കാനാകില്ലെന്ന നിയമം തെലങ്കാന സ്റ്റേറ്റ് ബോർഡ് പരീക്ഷ നടത്തി പരാജയപ്പെട്ടവർക്കായി തിരുത്തി. മുമ്പ് കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കുള്ള വിലക്ക് നിലവിൽ കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് എന്നാക്കി. 52.3 കോടി മൂന്ന് വർഷത്തെ ടേൺഓവർ ഉള്ള കമ്പനിക്കനുകൂലമായി അമ്പത് കോടി ടേൺഓവർ സംവിധാനം കൊണ്ടുവന്നു. സോഫ്റ്റ്‌വെയർ ക്വാളിറ്റിയിൽ വിട്ടുവീഴ്ച നടത്തി. സെർവർ ഓണർഷിപ്പ്, സോഫ്റ്റ്‌വെയർ ഓണർഷിപ്പ് വ്യവസ്ഥകളിലെ തിരിമറികൾ തുടങ്ങി നിരവധി വാദങ്ങൾ നടത്തി ന്യൂനതകളേറെയുള്ള ഒരു കമ്പനിക്ക് പതിനേഴ് ലക്ഷം വിദ്യാർഥികൾ എഴുതിയ സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ കരാർ നൽകിയെന്നാണ് സാർഥിക് എന്ന റാഞ്ചിക്കാരൻ തുറന്നുകാണിച്ചത്.
ഈയിടെയായി തന്നെ എത്ര പരീക്ഷകളാണ് വാർത്തകളിലെ കേന്ദ്രകഥാപാത്രങ്ങളായത്? മഹാരാഷ്ട്രയിലെ ടെറ്റ് (TET) 2026-ൽ കഴുത്തിന് മുകളിലേക്കുള്ള ഹിജാബും ദുപ്പട്ടയും നിരോധിച്ചിരുന്നു. എന്നാൽ പേപ്പർ ചോർന്ന് ആ പരീക്ഷയും മാറ്റിവെക്കേണ്ടി വന്നു. അവസാനമായി നടന്ന യു ജി സി നെറ്റിൽ ഇംഗ്ലീഷ്, സോഷ്യോളജി, കോമേഴ്‌സ് പരീക്ഷകൾ വീണ്ടും നടത്താൻ എൻ ടി എ ഉത്തരവിട്ടിരിക്കുന്നു. വസ്തുതകളിലും വിവർത്തനത്തിലുമുള്ള പിശകുകൾ, പ്രമുഖരുടെ പേരുകൾ തെറ്റായി രേഖപ്പെടുത്തിയത്, പുസ്തകങ്ങളുടെ പേരുകൾ വികലമായി നൽകിയത്, ചോദ്യങ്ങളുടെ വാചകഘടനയിലെ പിശകുകൾ, വ്യാകരണപ്പിശകുകൾ, ലിംഗ-വചന പൊരുത്തക്കേടുകൾ, വിരാമചിഹ്നങ്ങളിലെ പിഴവുകൾ, നിലവിൽ അംഗീകരിക്കപ്പെട്ട ആശയങ്ങൾക്ക് പകരം നിലവാരമില്ലാത്ത പുതുതായി രൂപപ്പെടുത്തിയ പദങ്ങൾ ഉപയോഗിച്ചത്, എല്ലാത്തിനുമപ്പുറം, മുമ്പ് നടത്തിയ പരീക്ഷകളിൽ ചോദിച്ചിരുന്ന ഗണ്യമായ എണ്ണം ചോദ്യങ്ങൾ വീണ്ടും ഉൾപ്പെടുത്തിയതായും കണ്ടെത്തിയതിനെ തുടർന്നാണിത്. ഈ റദ്ദാക്കലുകളും മാറ്റിവെക്കലുമെല്ലാം ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പ്രയത്നത്തെയാണ് അനിശ്ചിതത്വത്തിലാക്കിയത്.
കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിക്ക് ശേഷം ചോദ്യക്കടലാസ് ചോർച്ച തടയാൻ എന്ന പേരിൽ പാർലമെന്റ് പാസാക്കിയ പൊതുപരീക്ഷകളിലെ അന്യായം തടയുന്നതിനുള്ള ഭേദഗതി ബില്ലിന് കഴിഞ്ഞ ജൂലൈ 31-ന് രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. എന്നാൽ, ബി ജെ പി സർക്കാർ തന്നെ കൊണ്ടുവന്ന 2024-ലെ ആക്ടിലാണ് ഈ ഭേദഗതി ചെയ്തിരിക്കുന്നത്. ഉയർന്ന പിഴയും, കഠിനശിക്ഷയും, സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും മാത്രമാണ് ഈ ഭേദഗതി പ്രസ്തുത നിയമത്തിൽ മുന്നോട്ടുവെക്കുന്ന ആകെയുള്ള മാറ്റങ്ങൾ. 2014-ൽ ബി ജെ പി സർക്കാർ അധികാരത്തിൽ വന്നത് മുതൽ രാജ്യത്ത് 152 ചോദ്യക്കടലാസ് ചോർച്ച നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ചോദ്യക്കടലാസ് ചോർച്ചയും മറ്റു അപാകതകളുമൊക്കെ തുരത്തണമെന്നിരിക്കെത്തന്നെ പ്രസക്തമാണ് ഇന്ത്യയിലെ നിലവിലെ പരീക്ഷാ സംവിധാനങ്ങൾ ശാസ്ത്രീയവും, വിദ്യാർഥികളുടെ ജ്ഞാനത്തെ കൃത്യമായി വിലയിരുത്താൻ ഉതകുന്നതുമായിരിക്കണം എന്ന കാര്യം. ‘മിനി കോൺസ്റ്റിറ്റ്യൂഷൻ’ എന്നറിയപ്പെടുന്ന നാൽപ്പത്തിരണ്ടാമത് ഭരണഘടനാ ഭേദഗതിയുടെ ഭാഗമായാണ് വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറന്റ് ലിസ്റ്റിലെ ലിസ്റ്റ് III ഇരുപത്തിയഞ്ചാമത് എൻട്രിയായി പുനഃക്രമീകരിച്ചത്. ഈ മാറ്റം അടിയന്തരാവസ്ഥക്കാലത്ത് കൊണ്ടുവന്നതുകൊണ്ട്, ഇത് ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തിലെ പിഴവാണെന്നും ആയതിനാൽ സ്റ്റേറ്റ് ലിസ്റ്റിലേക്ക് തിരികെ കൊണ്ടുവരണം എന്നും ഡി എം കെ യുടെ എം പി തിരുച്ചി സിവ ഈയിടെ രാജ്യസഭായിൽ പറഞ്ഞിരുന്നു.
ഇന്ത്യയിലെ നിലവിലെ പരീക്ഷാസംവിധാനവും, അഭികാമ്യമായ പരീക്ഷാസംവിധാനവും തമ്മിൽ വലിയ അന്തരമുണ്ട്. വിദ്യാർഥികളായിരിക്കണം പരീക്ഷകളുടെ കേന്ദ്രം. പരീക്ഷാ സംവിധാനങ്ങൾ വിദ്യാർഥികളിൽ നിന്ന് അകലുന്തോറും വിദ്യാർഥികളെയും വിദ്യാഭ്യാസത്തെയും അസന്തുലിതമായി ബാധിച്ചുകൊണ്ടിരിക്കും. ഇരുണ്ട കരങ്ങളില്ലെങ്കിൽ പോലും ഫലപ്രഖ്യാപനങ്ങളിൽ വിജയിച്ചവനും അർഹിച്ചവനും തമ്മിലുള്ള അന്തരം കാണാനാവും.
തിരഞ്ഞെടുപ്പുകളിലും തൊഴിലുറപ്പ് പദ്ധതിയിലെല്ലാം സ്വീകരിച്ച പോലെ, കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസമേഖലയോടുള്ള സമീപനവും കൂടുതൽ കേന്ദ്രീകൃത സ്വഭാവമുള്ളതാക്കുക എന്നതാണ് . പുതിയ വിദ്യാഭ്യാസനയത്തിലും, അത് നടപ്പാക്കുന്നതിനുള്ള പി എം ശ്രീ പോലുള്ള പദ്ധതികളിലുമെല്ലാം കേന്ദ്രീകൃത ഘടന കാണാനാവും. 2017-ലാണ് കേന്ദ്രീകൃത പ്രവേശന-യോഗ്യതാ പരീക്ഷകൾ നടത്തുന്നതിനായി എൻ ടി എ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) നിലവിൽ വന്നത്. 2018 മുതൽ യു ജി സി-നെറ്റും, 2019 മുതൽ യു ജി നീറ്റും ജെ ഇ ഇ മെയിനും നടത്തുന്നത് എൻ ടി എയാണ്. 2021 വരെ പ്രധാന കേന്ദ്രസർവകലാശാലകൾ സ്വതന്ത്ര്യമായി എൻട്രൻസ് വഴിയോ മെറിറ്റ് വഴിയോ ആയിരുന്നു അഡ്മിഷൻ നൽകിയിരുന്നത്. കേരള കേന്ദ്രസർവകലാശാല അടക്കമുള്ള പന്ത്രണ്ടോളം കേന്ദ്രസർവകലാശാലകൾക്ക് പൊതു പ്രവേശനപരീക്ഷയായ സി യു സി ഇ ടി നിലവിലുണ്ടായിരുന്നു. ഇന്ന് ഭൂരിഭാഗം കേന്ദ്രസർവകലാശാലകളിലേയും സീറ്റുകൾക്കുള്ള മാനദണ്ഡം എൻ ടി എ നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി യു ഇ ടി) ആണ്. ‘ഒരു രാജ്യം, ഒരു പരീക്ഷ’ എന്ന കേന്ദ്രീകൃത സമീപനത്തിലൂടെ കുറഞ്ഞ പരീക്ഷകൾക്ക് കൂടുതൽ പരീക്ഷാർഥികൾ എന്ന സമ്പ്രദായമാണ് ഉയർന്നുവരുന്നത്. നിലവിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയിലുള്ള വികസിത ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്ലിലൂടെയും വിദ്യാഭ്യാസമേഖലയെ കൂടുതൽ കേന്ദ്രീകൃത സ്വഭാവമുള്ളതാക്കാനാണ് കേന്ദ്രം ഉന്നമിടുന്നത്.
ഈ കേന്ദ്രീകൃത സംവിധാനങ്ങളിലെല്ലാം തങ്ങളുടെ ആശയങ്ങളെ തുന്നിച്ചേർക്കാൻ കേന്ദ്രം കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ഒരുവശത്ത് ചരിത്രങ്ങൾ തിരുത്തിയെഴുതുന്നെങ്കിൽ, പി എം ശ്രീ പോലുള്ള പദ്ധതികളിലൂടെ പാഠപുസ്തകങ്ങളിലും ഈ പ്രവണത കാണാം. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ ആ പേരിൽ വിശേഷിപ്പിച്ചത് വി ഡി സവർക്കറാണെന്ന് ഉത്തരം എഴുതേണ്ട ചോദ്യം ഇല്ലാത്ത പൊളിറ്റിക്കൽ സയൻസിലെ ഈ അടുത്ത കാലത്തെ നെറ്റ് ചോദ്യക്കടലാസുകൾ വിരളമാണ്. കഴിഞ്ഞ പൊളിറ്റിക്കൽ സയൻസിന്റെ നെറ്റ് പരീക്ഷയ്ക്ക് ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായ ദീൻദയാൽ ഉപാധ്യായയെക്കുറിച്ച് പല ആവർത്തി ചോദിച്ചിരുന്നു. കർഷകസമരം മൂലം പിൻവലിക്കേണ്ടി വന്ന കാർഷിക നിയമങ്ങളെയും ഈ ചോദ്യപേപ്പർ വെളുപ്പിച്ചിരുന്നു. കേന്ദ്രീകൃത സിലബസുകളും പരീക്ഷകളും ഒരു പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടിനുവേണ്ടി ഉപയോഗപ്പെടുത്തുമ്പോൾ, അതേ വിഷയത്തിൽ ഗാഢമായ ജ്ഞാനം കൈവരിച്ച ഒരു വിഭാഗം വിദ്യാർഥികൾ നിസ്സഹായരാവുന്നുണ്ട്,അല്ലെങ്കിൽ മെച്ചപ്പെട്ട ഫലങ്ങൾക്ക് വേണ്ടിയെങ്കിലും ആ പ്രത്യയശാസ്ത്രത്തെ പിന്തുടരാൻ നിർബന്ധിതരാവുന്നുണ്ട്. ഇത്തരം പരീക്ഷകൾക്ക് എങ്ങനെയാണ് വിദ്യാർഥികളോട് നീതിപുലർത്താൻ കഴിയുക?
കുത്തും കോമയും തുടങ്ങി തലക്കെട്ടുകൾ പോലും പിഴക്കുന്ന ചോദ്യങ്ങളും, അന്യായമായ ആവർത്തനങ്ങളും, പരീക്ഷാ സംബന്ധമായ പിഴവുകളുമെല്ലാം പരിഹരിച്ച, വിദ്യാർഥിപക്ഷത്തു നിന്നുള്ള മൂല്യനിർണയങ്ങളാവണം ഇന്ത്യയിലെ പരീക്ഷാസംവിധാനം. ചോദ്യങ്ങളുടെ തിരഞ്ഞെടുപ്പും ക്രമീകരണവുമാണ് പരീക്ഷകൾ പരീക്ഷാർഥികളോട് പരമാവധി നീതി പുലർത്തുന്നു എന്നതിന്റെ മർമം. നിശ്ചിതകാലത്തെ പഠനത്തിന്റെ മൂല്യനിർണയമായാലും, പ്രവേശന മാനദണ്ഡ പരീക്ഷകളായാലും, മനഃപാഠങ്ങളിൽ നിന്നും വിശകലനങ്ങളിൽ നിന്നും ചോദ്യങ്ങൾ അഭിമുഖീകരിക്കാനുണ്ടാവണം. രാഷ്ട്രപിതാവിനെ അരുംകൊല ചെയ്തത് ആരാണ് എന്ന ചോദ്യത്തിന് മറ്റ് ഓപ്ഷനുകൾ ശരിയല്ലാത്തത് കൊണ്ട് മാത്രം ഗോഡ്സെ തിരഞ്ഞെടുത്തവന് ഒരുപക്ഷേ, ആർ എസ് എസും ഹിന്ദു മഹാസഭയും ഗാന്ധിയിൽ നിന്ന് എത്രമാത്രം അകലെയായിരുന്നു എന്ന് അറിയണമെന്നില്ലല്ലോ. ബഹുവികൽപ്പ ചോദ്യങ്ങൾ(MCQs) പലപ്പോഴും മനസ്സിലാക്കലുകളിൽ നിന്ന് ഇപ്രകാരം അകലുന്നത് കാണാനാകും.
മുൻകാല ചോദ്യങ്ങളിൽ അമിതമായി കേന്ദ്രീകരിച്ചും ആവരുത് പരീക്ഷകൾ. ഈയിടെ മാറ്റിവെച്ച നെറ്റ് ഇംഗ്ലീഷ് പരീക്ഷയിൽ ആകെ 150 ചോദ്യങ്ങളിൽ 67 ചോദ്യവും 2024 ഡിസംബറിൽ ചോദിച്ചതായിരുന്നു. കോമേഴ്‌സിൽ 80 ചോദ്യങ്ങളും ആവർത്തനമായിരുന്നു. ഗവേഷണമേഖലകളിലേക്ക് കേവലം മനഃപാഠം കൊണ്ടു മാത്രം വിദ്യാർഥികൾ എത്തിപ്പെടുന്ന അവസ്ഥയ്ക്കാണ് ഇവയെല്ലാം ഹേതുവാകുക. പരീക്ഷകളിലെ ചോദ്യങ്ങൾ ആകെയുള്ള ഘടനയുടെ അനുപാതങ്ങളെ അഭിമുഖീകരിക്കുന്ന, പ്രവേശന പരീക്ഷയെങ്കിൽ പ്രവേശിക്കുന്നിടത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ‘കംപ്ലീറ്റ് പാക്കേജ്’ ആയിരിക്കണം.
വിദ്യാഭ്യാസ സംവിധാനത്തെ കേന്ദ്രീകൃതമാക്കുക, തങ്ങളുടെ പ്രത്യയശാസ്ത്രം അവരോധിക്കുക എന്നിവയാണ് നിലവിൽ ഭരണകൂട താല്പര്യം. ഇവയൊന്നും വിദ്യാർഥികളുടെ നൈപുണ്യ വികാസത്തെ ലക്ഷ്യമിടുന്നില്ല. കേന്ദ്രബജറ്റിന്റെ കേവലം രണ്ടര ശതമാനത്തോളം മാത്രമാണ് വിദ്യാഭ്യാസമേഖലയ്ക്ക് വേണ്ടി സർക്കാർ വകയിരുത്തുന്നത്. പുനഃപരീക്ഷകൾ വിദ്യാർഥികൾക്ക് പരീക്ഷാചെലവുകളില്ലാതെ നടത്തപ്പെടുമ്പോൾ, പൊതുഖജനാവിനെ അത് സാരമായി ബാധിക്കുന്നുണ്ട്. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന പ്രകാരം, നീറ്റ് വിദ്യാർഥികളുടെ തയ്യാറെടുപ്പിനായി കണക്കാക്കപ്പെടുന്ന ചിലവ് മാത്രമാണ്, കേന്ദ്രബജറ്റിൽ വിദ്യാഭ്യാസമേഖലയിലേക്ക് ആകെ വകയിരുത്തപ്പെടുന്നത്. 2030 ആകുമ്പോഴേക്കും ഇന്ത്യയിൽ തൊഴിൽപ്രായത്തിലുള്ള ആളുകളുടെ എണ്ണം 100 കോടിയിലധികമാവുമെന്നാണ് കണക്കുകൾ. ഇന്ത്യയുടെ ജനസംഖ്യാപരമായ ലാഭവിഹിതം (Demographic Dividend) സാമ്പത്തിക വളർച്ചയിലേക്ക് എത്തിക്കണമെങ്കിൽ വിദ്യാർഥികളെ പരിഗണിക്കുന്ന വിജ്ഞാന സമ്പദ് വ്യവസ്ഥ അത്യന്താപേക്ഷിതമാണ്.