Science Fiction Story

ന്യൂറോ-ലിങ്ക്

ഹനാൻ പൂങ്ങോട്മൗലാന ആസാദ് നാഷണൽ ഉർദു യൂണിവേഴ്‌സിറ്റി

കണ്ണ് തുറക്കുമ്പോൾ റിയ കിടക്കയിലാണ്. ചുറ്റും കണ്ണോടിച്ചപ്പോൾ ഒരു അത്യാധുനിക സൗകര്യങ്ങളുള്ള ഓപ്പറേഷൻ തീയേറ്റർ പോലെ തോന്നിച്ചു. മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ കഴിയുന്നില്ല. കൈകാലുകൾ ബന്ധിതമാണ്. പെട്ടെന്ന് റൂം തുറന്ന് കറുത്ത വസ്ത്രങ്ങളും കയ്യുറയും ധരിച്ചൊരാൾ കയറി വന്നു. മാസ്കണിഞ്ഞതിനാൽ മുഖം അവ്യക്തമാണ്. രൂപം അടുത്തെത്തി.

"റിയ, ലിസൺ...നിന്റെ ഡാഡി എന്നെ തകർക്കാൻ ഒരുപാട് ശ്രമിച്ചു. പക്ഷെ, ഒരു തെളിവ് പോലും അവശേഷിക്കാതെ ഞാൻ അയാളെയങ്ങ് തീർത്ത് കളഞ്ഞു. എന്നിട്ടും നിന്റെ കുടുംബത്തിന് മതിയായില്ല. ഇപ്പോൾ അതിന് ചരടുവലിക്കുന്നത് നിന്റെ മമ്മയാണ്. ഒരുപാട് വാർണിങ് നൽകി. ബട്ട്, ഇനി എനിക്ക് മുമ്പിൽ ഒരു ലക്ഷ്യമേയൊള്ളൂ. അതിലേക്കുള്ള മാർഗം നീയും..."

ഘനശബ്ദത്തിൽ ഇത്രയും കേട്ടതും റിയയുടെ ഓർമ്മകൾ പിന്നോട്ട് മറിഞ്ഞു.

എട്ട് വർഷങ്ങൾക്ക് മുമ്പ് അച്ഛനും സുഹൃത്ത് അനിലും ചേർന്നൊരു ലാബ് തുടങ്ങി. ശാസ്ത്രലോകത്തേക്ക് പുതുതായിട്ട് വല്ലതും സംഭാവന ചെയ്യാൻ സാധിക്കുമോ എന്നതായിരുന്നു പരീക്ഷണം. രണ്ടു പേരും വർഷങ്ങളായി ഇന്ത്യയിലും അമേരിക്കയിലും ചെയ്ത സ്തുത്യർഹമായ സേവനങ്ങൾക്ക് ഉപഹാരമായി അതിന്റെ സ്പോൺസർഷിപ്പ് ഗവൺമെന്റ് ഏറ്റെടുത്തു. സമൂഹത്തിന് കൂടി ഉപകരിക്കുന്ന വല്ലതും കണ്ടെത്തുകയായിരുന്നു ഡാഡിയുടെ ലക്ഷ്യം. അൽഷിമേഴ്‌സ് ഭേദപ്പെടാനുള്ള ന്യൂറോ പ്ലാന്റിങ്, കുറ്റവാളികളെ നേർവഴി നടത്താൻ മെമ്മറി മാനിപ്പുലേഷൻ ടെക്നോളജി തുടങ്ങിയ പരീക്ഷണങ്ങളിൽ അദ്ധേഹം ഏർപ്പെട്ടു. പക്ഷെ, അനിൽ കുശാഗ്രബുദ്ധിക്കാരനായിരുന്നു. ഇതിനെയെല്ലാം വക്രീകരിക്കാനാണ് അനിൽ ശ്രമിച്ചത്. മനുഷ്യമനസ്സുകളിൽ നിന്ന് ഓർമ്മകളെടുത്ത് മാറ്റുന്ന പരീക്ഷണങ്ങൾക്ക് പലരേയും വിധേയമാക്കുകയും അവരെ പല ആവശ്യങ്ങൾക്ക് മുതലെടുക്കുകയും ചെയ്തു. ഒടുവിൽ മനസ്സ് മടുത്ത് അച്ഛൻ റിസൈൻ ചെയ്യുകയും ലാബിനെതിരെ കേസ് കൊടുക്കുകയും ചെയ്തു. ഡാഡിയുടെ മരണമായിരുന്നു അതിനു ലഭിച്ച ഫലം. അച്ഛൻ സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുത്തിയതാണെന്ന് ഉറപ്പായിരുന്നിട്ടും തെളിവുകളുടെ അഭാവത്തിൽ അതും വെറും അപകടമരണമായി തള്ളിക്കളഞ്ഞു. ഇപ്പോൾ മമ്മിയും കേസിന് പിന്നാലെ ഒരുപാട് ഓടി നടക്കുന്നു. അതിനെ കുറിച്ചാണ് ഞാനിപ്പോൾ കേട്ടത്.

'ഏയ്...ലുക്ക് ഹിയർ.' ഒരു വിരൽ ഞൊടിക്കുന്ന ശബ്ദം. നേരത്തെ വന്നയാൾ മാസ്ക് മാറ്റിയിട്ടുണ്ട്. പ്രതീക്ഷിച്ച പോലെ അനിലങ്കിൾ...! റിയയുടെ ഉള്ളിലൊരു നടുക്കം വന്നു.

'അപ്പോൾ നമുക്ക് തുടങ്ങാം അല്ലേ...' അനിലിന്റെ മുഖത്തൊരു വഷളൻ ചിരി വിരിഞ്ഞു 'നിന്റെ കോൺഷ്യസ് മൈൻഡിൽ ഞാനൊരു ഗെയിം കളിക്കുകയാണ്. ഒന്ന് കണ്ണടച്ച് ഉണരുമ്പോൾ നീ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നയാളോട് നിനക്ക് തീർത്താൽ തീരാത്ത പകയായിരിക്കും. കൊല്ലാൻ ദേഷ്യമുള്ളത്രയും പക. അതെ...നിന്റെ മമ്മിയോട്!' അനിൽ ക്രൂരമായി ചിരിച്ച് മാസ്ക് തിരിച്ചിട്ട് സർജിക്കൽ ലൈറ്റ് ഓൺ ചെയ്തു. റിയയുടെ അലർച്ച അഞ്ച് സെക്കൻഡ് മാത്രം കേട്ടു. താൻ സ്വയം രൂപപ്പെടുത്തിയ ന്യൂറോ ഹാക്കിങ് മെത്തേഡിന്റെ ആദ്യപരീക്ഷണമാണിത്. അങ്ങനെയൊരു ലക്ഷ്യം കൂടി ഇതിലുണ്ട്. ഇലക്ട്രോകൺകൾസീവ് തെറാപ്പിയിലൂടെ (ECT) ശക്തമായ ഇലക്ട്രിക്കൽ പൾസ് കൊടുത്ത് ന്യൂറൽ ആക്ടിവിറ്റിയിൽ വ്യതിയാനം വരുത്തുന്നു. ന്യൂറോണുകളിലെ എൻഗ്രാം കോശങ്ങളെയാണിത് ബാധിക്കുക. പിന്നീട് MRI എ ഐ സിസ്റ്റമുപയോഗിച്ച് മൈൻഡിനെ ക്ലോണിംഗ് ചെയ്തെടുക്കുന്നു. സസ്യങ്ങളിൽ നടത്തുന്ന ബഡ്ഡിംഗിന് സമാനം. മസ്തിഷ്കത്തിലെ പ്രധാന റിജിയണായ ഹിപ്പോ ക്യാമ്പസ് പിന്നെ നമ്മുടെ നിയന്ത്രണത്തിലായി. റിയയുടെ അമ്മയുടെ ഇമേജ് റിവെഞ്ച് സൈഡിൽ പ്ലാന്റ് ചെയ്ത് കഴിഞ്ഞു. "യാഹൂ...ഐ ഡിഡ് ഇറ്റ്...!" ഓപ്പറേഷൻ പൂർത്തീകരിച്ച് അനിൽ അലറി. കുറിച്ച് നിമിഷങ്ങൾക്ക് ശേഷം റിയ മെല്ലെ കണ്ണ് തുറന്നു. ഓർമ്മകളിലേക്കൊരു രണ്ടാം ജന്മം. അടുത്ത് നിൽക്കുന്നയാളിൽ അവൾക്ക് തന്റെ ഡാഡിയെ ആണ് കാണാൻ കഴിഞ്ഞത്‌. അവൾ കൈ നീട്ടി. അനിൽ അവളെ കൈപിടിച്ച് എണീപ്പിച്ചു.

ഇനിയൊരു മൂന്ന് ദിവസം ഒബ്സർവേഷനിൽ ഇരുത്തേണ്ടതാണ്. പക്ഷെ, അധികം സമയമില്ല. റിയയുടെ മിസ്സിംഗ് കേസ് ഇപ്പോൾ അന്വേഷിച്ച് കൊണ്ടിരിക്കുകയാവും. 'ലെയർഡ് റിയാലിറ്റി' ഉപയോഗിച്ചതിനാൽ അവളെ തട്ടിക്കൊണ്ട് വന്നത് സിസിടിവികളിൽ പതിയില്ല. എങ്കിലും സൂക്ഷിക്കണം. അതുകൊണ്ട് ഇന്ന് രാത്രി തന്നെ ദൗത്യത്തിന് സജ്ജമാവണം.

"ഡാഡീ...വിശക്കുന്നു." റിയ തളർന്ന സ്വരത്തിൽ പറഞ്ഞു. അനിൽ ഒരു ബർഗർ അവൾക്ക് നേരെ നീട്ടി. "വേഗം കഴിക്ക്, ഇവളാണ് കേട്ടോ നമ്മുടെ ലക്ഷ്യം." അനിൽ റിയയുടെ നേർക്ക് അവളുടെ മമ്മിയുടെ ഫോട്ടോ നീട്ടി.

റിയ തലയുയർത്തി നോക്കി. കണ്ണുകളിൽ ദേഷ്യം തിളച്ചു. വായിൽ വെച്ച ബർഗർ വലിച്ചെറിഞ്ഞു കൊണ്ട് അവളെണീറ്റു. അനിൽ ഒന്ന് പതറി. എന്നാൽ ഓടിവന്ന് അനിലിന്റെ കൈ പിടിച്ച് റിയ പറഞ്ഞു. "കമോൺ ഡാഡീ...ഇപ്പോൾ തന്നെ" അനിലിന്റെ പതർച്ച ക്രൂരമായ പൊട്ടിച്ചിരിയിലേക്ക് വഴിമാറി. എത്ര വേഗമാണ് സർജറി പോസിറ്റീവ് റിസൽട്ട് തന്നത്. അനിൽ സ്വയം അഭിമാനം കൊണ്ടു. അവർ രണ്ടുപേരും പുറത്തിറങ്ങി.

ഇതേസമയം തന്റെ ഒരേയൊരു മകളെ കാണാതെ വീട്ടിൽ തളർന്നിരിക്കുകയാണ് മീര. വിളിക്കുന്നിടത്ത് നിന്നെല്ലാം അന്വേഷിച്ച് കൊണ്ടിരിക്കുന്നു എന്ന മറുപടിയല്ലാതെ വേറൊന്നുമില്ല. പെട്ടന്ന് കോളിങ് ബെൽ ശബ്ദിച്ചു. ഒരു ശുഭവാർത്തയായിരിക്കുമെന്ന പ്രതീക്ഷയോടെ സെറ്റിയിൽ നിന്ന് ചാടിയെണീറ്റ് വാതിൽ തുറന്ന മീര പെട്ടന്ന് ഞെട്ടി ഒരടി പിന്നാക്കം മാറി. പൂമുഖത്ത് തന്റെ റിയമോൾ തോക്ക് ചൂണ്ടി നിൽക്കുന്നു. സൂക്ഷിച്ചു നോക്കി. അതെ, അവൾ തന്നെ. തൊട്ടടുത്ത് മാസ്ക് ധരിച്ച വേറൊരാളുമുണ്ട്. അയാൾ നൽകുന്ന സൂചനകൾക്കനുസരിച്ച് തന്റെ മകൾ ചലിച്ച് കൊണ്ടിരിക്കുന്നു.

അവർ അകത്തേക്ക് പ്രവേശിച്ച് വാതിലടച്ചു. റിയ ഇപ്പോഴും മീരയുടെ നേർക്ക് തോക്ക് ചൂണ്ടി നിൽക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു സീനിൽ ഒച്ചയുയർത്താൻ പോലുമാവാതെ മീര അനങ്ങാതെ നിന്നു.

മസ്തിഷ്കത്തിലെ ഹിപ്പോ ക്യാമ്പസിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി അനിൽ ഓരോ കമാൻഡ് നൽകിക്കൊണ്ടിരുന്നു. പക്ഷെ, പെട്ടെന്ന് റിയയുടെ കണ്ണുകൾ ഷെൽഫിലിരിക്കുന്ന ഫോട്ടോയിൽ ഉടക്കി. ഡാഡിയുടെയും മമ്മിയുടെയും പഴയകാല ഫോട്ടോ. ഓർമ്മകളിൽ തിരയിളക്കം. ബ്രെയിനിലെ ഇമോഷനമുയി ബന്ധപ്പെട്ട അമിഗ്ഡലയിൽ ചലനം. ഹിപ്പോ ക്യാമ്പസിനെ മറികടക്കുന്ന അതീവശക്തിയാണ് വികാരങ്ങൾക്ക്. അതെവിടെ ഒളിഞ്ഞിരിക്കുന്നെന്ന് ഒരു ന്യൂറോ ഹാക്കിംഗിനും കണ്ടുപിടിക്കുക സാധ്യമല്ല. ഓർമ്മകൾ ചിലപ്പോൾ പ്രകാശവേഗതയെ മറികടക്കും. വർഷങ്ങൾക്കപ്പുറത്തെത്താൻ നിമിഷങ്ങൾ മതിയാവും. ആ വേലിയേറ്റത്തിൽ റിയ നിലത്തിരുന്ന് പോയി. അവൾക്ക് നന്നായി തലവേദനിക്കുന്നുണ്ടായിരുന്നു. ഞെട്ടലിൽ നിന്നുണർന്ന മീര കരഞ്ഞ് കൊണ്ട് മകളെ വാരിപ്പുണർന്നു.

ഓർമ്മ തിരികെ ലഭിച്ച റിയ അനിലിനെ നോക്കി. നോട്ടത്തിന്റെ മൂർച്ചയിൽ അയാളൊന്ന് പരുങ്ങി. റിയ രണ്ടാമതൊന്ന് ആലോചിക്കാതെ അനിലിന് നേർക്ക് തോക്ക് നീട്ടി. ഒരു വെടിയൊച്ച.!