"വേദനിപ്പിക്കുന്ന മനുഷ്യരില്ലേ? വെറുതെ...ഒരു കാര്യവുമില്ലാതെ...? നമ്മൾ ചെയ്യുന്ന പ്രവൃത്തികളിലെല്ലാം കുറ്റം കണ്ട് പിടിച്ച്, കുത്തിനോവിക്കുന്ന വാക്കുകൾ ചൊരിഞ്ഞ് ആസ്വദിക്കുന്നവർ... കൊടുക്കുന്ന സ്നേഹത്തിനും ആത്മാർഥതയ്ക്കും കടമയുടെ നിറം ചാലിക്കുന്നവർ...ഒടുക്കം അഭിമാനക്ഷതവും അപകർതാബോധവും സഹിക്കാതെ വന്ന് അകൽച്ച കാണിച്ചാലോ, നമ്മൾ അടിസ്ഥാന മനുഷ്യത്വ മൂല്യം പോലും അറിയാത്ത നികൃഷ്ട ജീവികൾ...മടുത്തു..."
ഇതൊക്കെ തന്നോട് എന്തിനാ പറയുന്നത് എന്ന ഭാവത്തിൽ കാടൻ പൂച്ച തല കുടഞ്ഞ് കൂർപ്പിച്ച് നോക്കി. മുന്നിൽ ഇട്ട് കൊടുത്ത മീൻ കഷ്ണം അകത്താക്കി, തനിക്ക് ഒട്ടും യോജിക്കാത്ത ദയനീയ ശബ്ദം പുറപ്പെടുവിച്ചു.
"സാന്നിധ്യം കൊണ്ട് പോലും നമ്മളെ വേട്ടയാടുന്നവരുണ്ട്. അങ്ങനെയുള്ളവർ ചുറ്റുമുള്ളപ്പോൾ തോന്നും ഈ ഭൂമിയിലെ നന്മയെല്ലാം വറ്റിപ്പോയെന്ന്.... ഒരുപാട് കാലം കൂടെ ഉണ്ടായിരുന്നവർ നമ്മളെ മനസ്സിലാക്കാൻ ശ്രമിക്കാതിരിക്കുമ്പോൾ തോന്നും ഈ ലോകം മുഴുവനും ദുഷ്ടരാണെന്ന്...ജീവിതം മടുക്കും.. ചിരിക്കാൻ മടിക്കും..."
അസഹിഷ്ണുത പ്രകടിപ്പിച്ചെങ്കിലും അത് നല്ലൊരു കേൾവിക്കാരനെ പോലെ നോക്കി നിന്നു. പിന്നാമ്പുറത്ത് ഇരുന്ന് പിച്ചും പേയും പറയുന്നത് കേട്ടിട്ടാവണം അകത്ത് നിന്ന് വിളി വന്നു.
വീട്ടിൽ നിന്ന് മാറി നിൽക്കുമ്പോൾ വല്ലാത്ത നഷ്ടബോധമായിരുന്നു. പകരം വെക്കാനാവാത്ത ഒരുപാട് കാര്യങ്ങൾ കൈ വിട്ടു പോകുന്നതിൻ്റെ സങ്കടം. അവധി കഴിഞ്ഞ് മടങ്ങുമ്പോൾ ആരോടെന്നില്ലാതെ ദേഷ്യം. ചെന്നെത്തുന്ന ഇടങ്ങളിലെല്ലാം വീടിനെ തിരഞ്ഞു. നാനാജാതി മനുഷ്യരോട് ഇടപഴകുന്ന നേരങ്ങളിലെല്ലാം, അഭിപ്രായ ഭിന്നതകൾക്കിടയിലും കുടുംബം ഉണ്ടാക്കാൻ ശ്രമിച്ചു. അങ്ങോട്ട് ഒഴുക്കുന്ന സ്നേഹം കൊണ്ട് മാത്രം ഇതൊന്നും നടക്കില്ലെന്നത് വലിയൊരു സത്യമായിരുന്നു. എല്ലാവരും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ഒരു പോലെ അല്ലല്ലോ. വൈവിധ്യമാണല്ലോ ലോകത്തിൻ്റെ അന്തസത്ത.
ശ്രമങ്ങളിൽ മടുപ്പും ചടപ്പും നിറയാൻ തുടങ്ങി. സ്നേഹമില്ലായ്മയും ഹൃദയമില്ലായ്മയും കൊണ്ട് അന്ധമാണ് ഈ പ്രപഞ്ചം എന്ന് ഞാൻ വിധി എഴുതി. പക്ഷേ, എൻ്റെ തത്വങ്ങൾ തെറ്റായിരുന്നു, നോക്കിക്കാണലുകളും. മഴ തോർന്നു തെളിയാനിരിക്കുന്ന ആകാശത്തിൽ വരച്ചുവെച്ച മഴവില്ല് പോലെ ഞാൻ കാണുകയായിരുന്നു എൻ്റെ ചുറ്റുമുള്ള നന്മയെ, ആകർഷിക്കപ്പെടുകയായിരുന്നു.
അർദ്ധ രാത്രി പിന്നിടുമ്പോൾ, നെറ്റിയിൽ പനിച്ചൂട് അറിയാൻ പതിയുന്ന പുറം കയ്യിൻ്റെ തണുപ്പ്. വിറച്ച് വിറച്ച് കുളിര് കോരുമ്പോൾ നെഞ്ചറ്റം വലിച്ചിട്ട് തരുന്ന പുതപ്പിൻ്റെ സുഖം. പാതി തുറന്ന കണ്ണുകൾക്ക് മുന്നിൽ വായിലേക്ക് മരുന്ന് വച്ച് തരുന്ന അവ്യക്ത രൂപം. ഒഴിയാൻ അനുവദിക്കാതെ നിറച്ച് വെക്കുന്ന വെള്ള കുപ്പികൾ. ചിന്തകളെ കാട് കയറ്റി, സ്വയം തോൽവി എന്ന് ശപിക്കുമ്പോൾ, ധൈര്യം പകരുന്ന സ്നേഹ ശാസനകൾ. ചോദ്യങ്ങളോ പറച്ചിലുകളോ ഇല്ലാതെയുള്ള മനസ്സ് വായിക്കലുകൾ. ആഗ്രഹിച്ച നിമിഷങ്ങളിലെ പകരമാകലുകൾ. നമുക്ക് തൊട്ടടുത്ത്, ഒരു നിശ്വാസത്തിൻ്റെ അകലത്തിലും നന്മയുണ്ടെന്നത് ഒത്തിരി മനോഹരമാണ്!
ചെറിയ ചിരികൾ. പേഴ്സ് എടുക്കാൻ മറന്നുപോയതിൽ പരിഭ്രാന്തയായ സ്ത്രീക്ക് നേരെ പൈസ നീട്ടുന്ന അപ്പുറത്ത് ഇരിക്കുന്ന യാത്രക്കാരി. അത് പുഞ്ചിരിയോടെ നിഷേധിക്കുന്ന കണ്ടക്ടർ.സാധാരണം. എങ്കിലും ആസ്വാദ്യകരം.
രോഗികളോട് താഴ്മയായി സംസാരിക്കുന്ന, അവരെ ക്ഷമയോടെ കേൾക്കുന്ന ഡോക്ടർ…! അന്തരീക്ഷത്തിൻ്റെ കനം കുറയുന്നത് ഞാൻ കാണുകയായിരുന്നു. തനിച്ചെന്ന് തോന്നുമ്പോൾ കൂടെ വരണോ എന്ന് ചോദിക്കുന്ന മനസ്സുകൾ. എല്ലാത്തിനുമുപരി കുത്തിനോവിക്കാതെ സസൂക്ഷ്മം തൊടുത്തുവിടുന്ന വാക്കുകൾ. തളരരുത് എന്ന് ഓതുന്ന കടാക്ഷങ്ങൾ.
ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന അനേകം മനുഷ്യരിൽ ഒരാളെ കണ്ടു. വണ്ടിയുടെ വളയം തിരിക്കാൻ പഠിപ്പിക്കുമ്പോൾ അവർ ഒച്ച വെച്ചില്ല. തെറ്റുകൾ വീണ്ടും വീണ്ടും പറഞ്ഞു മനസ്സിലാക്കി തരുമ്പോളും ആത്മവിശ്വാസം പകരുമ്പോളും മടുപ്പ് പ്രകടിപ്പിച്ചില്ല. പെരുമഴയത്ത് തിരിച്ചുപോകാൻ വഴിമുട്ടി നിന്നവർക്ക് മുന്നിൽ തൻ്റെ പേടകവുമായി വന്ന് സഹായകയായി. സദാസമയവും ചിരി മുഖത്തിൻ്റെ അലങ്കാരമായി കൊണ്ട് നടന്നു. വെറും നാലു ദിവസങ്ങളിലെ പലപ്പോഴായുള്ള മണിക്കൂറുകൾ കൊണ്ട് മാത്രം, കൂട്ടുകൂടുന്നവൻ്റെ മനസ്സിൽ സ്ഥാനം പിടിച്ചു. പെരുമാറ്റങ്ങളെ സ്വാധീനിച്ചു. നല്ലതിന് സ്വാധീന ശക്തിയുണ്ട്,സ്വാധീന വലയമുണ്ട്. അടയാളങ്ങൾ ബാക്കിയാക്കാനുള്ള കഴിവുണ്ട്.
നോക്കുന്നവയിൽ എല്ലാം ഭംഗിയുള്ള നന്മകൾ ഉണ്ട്. വിശേഷണങ്ങൾ ആവശ്യമില്ലാത്തവ. സാധാരണങ്ങളിൽ സാധാരണമായവ. കടമയായത് കൊണ്ടെന്ന് ന്യായീകരിക്കുന്നവ.
വിവരിച്ച് കഴിയുമ്പോൾ ഒന്നും അല്ലെന്നും പ്രത്യേകതകൾ ഇല്ലെന്നും തോന്നുന്നവ. പക്ഷേ കാണുന്നവൻ്റെ ഉള്ളിൽ അനുഭൂതി നിറക്കുന്ന, പുഞ്ചിരി അവശേഷിപ്പിക്കുന്ന, ഹൃദയത്തിൽ തണുപ്പ് പകർത്തുന്നവ. മാനുഷികമായ, എന്നാൽ ദൈവികമെന്ന് അനുഭവപ്പെടുന്നവ.
സങ്കീർണതകൾ ഇല്ല. എളുപ്പം. അനായാസം. അതിമനോഹരം.
ശുഭം കുറിക്കുമ്പോൾ പിന്നാമ്പുറത്ത് നിന്ന് എന്തോ തട്ടി മറിയുന്ന ശബ്ദം. എൻ്റെ കേൾവിക്കാരൻ ആയിരിക്കും.