എങ്ങു നിന്നോ വീശിവന്ന കാറ്റിനൊപ്പം കൂട്ടുവന്ന ബിരിയാണിയുടെ ഗന്ധം ത്വയ്യിബിന്റെ ദുർബലമായ ഉറക്കം തടഞ്ഞു. ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റപ്പോഴാണ് കൈകളിലുള്ള മുറിവും കാലുകളിൽ വരണ്ടുണങ്ങിയ ചോരയും വേദനയുടെ രൂപം പ്രാപിച്ചത്. വിശപ്പിന് വേദനയേക്കാൾ ഊക്കുണ്ടായിരുന്നു.
ക്യാൻസർ മൂന്നാം സ്റ്റേജിലെത്തിയെന്നറിഞ്ഞത് തൊട്ടേ ഖദീജുമ്മാക്ക് വല്ലാത്തൊരു തിടുക്കമായിരുന്നു. കൂടെയാരുമില്ലാതെ മുപ്പത് കലണ്ടറുകൾ മാറ്റിക്കഴിഞ്ഞിരിക്കുന്നു. കൂടിവന്നാൽ ഒരു മാസം കൂടി! സ്പെഷ്യൽ ക്യാൻസർ സെന്ററിലെ അനേകം വേദനാപാത്രങ്ങളിലൊരാളായി തിളച്ചു മറിയുമ്പോഴും, എങ്ങോ ഉള്ള ഓടിട്ട തന്റെ കൂടാരത്തിലെ കുഞ്ഞിപ്പൂച്ചയെയും, പകുതിയും വേദനക്ക് നൽകിയ ജീവിതത്തിന്റെ മൊത്തം സമ്പാദ്യമെന്ന് പറയാവുന്ന, സ്റ്റീൽ ഗ്ലാസ്സിൽ ഭദ്രമാക്കിയ കഷ്ടിച്ച് അഞ്ഞൂറ് തികക്കുന്ന നോട്ടുകളെയും ഉമ്മ ഓർമ്മയിൽ പരതിയെടുത്തു.
കാലങ്ങളായി ആരൊക്കെയോ തരുന്ന പൈസയിൽ നിന്ന് ഭക്ഷണവും മരുന്നും കഴിഞ്ഞ് ശേഖരിച്ചതായിരുന്നു അത്. പണ്ടൊരിക്കൽ, വരാന്തയിൽ ഡോക്ടറെ കാത്തിരിക്കുമ്പോൾ, ആരോ പറഞ്ഞു കേട്ടാണ് ഉമ്മ ഗസ്സയെ അറിയുന്നത്. പിന്നീട് അവരെക്കുറിച്ച് കേൾക്കുമ്പോഴെല്ലാം ഉമ്മ കരഞ്ഞിട്ടുണ്ട്. ആ പൊന്നുമക്കൾക്കായിരുന്നു നോട്ടുകൾ കൂട്ടിവെച്ചത്. മക്കളില്ലാത്ത ഉമ്മാക്ക് അവരായിരുന്നു മക്കൾ. അവർ മാത്രമല്ല; ദുരന്തമനുഭവിക്കുന്ന ആരോടും അവർക്ക് അലിവായിരുന്നു. കടപ്പുറത്ത് മരിച്ചു കിടന്ന ഐലൻ കുർദിയുടെ ചിത്രം മുറുകെപ്പിടിച്ച് ഉമ്മ ഒരുപാട് കരഞ്ഞിട്ടുണ്ട്.
അങ്ങനെ നീണ്ട ആഗ്രഹ പട്ടികയിലെ ഓരോന്നായി ഓർമയിൽ നിറഞ്ഞതും കുഴിഞ്ഞുപോയ കണ്ണിൽ നിന്നും ഉപ്പുരസമുള്ള ഒരുതുള്ളി കണ്ണീർ മെഷീനിൽ വീണ് ചിന്നിച്ചിതറി. പിന്നെ, തന്റെ അവസാന ആഗ്രഹം ഡോക്ടറോട് പങ്കുവെച്ചു. എത്രയുണ്ടെന്ന് അദ്ദേഹം ചോദിച്ചറിഞ്ഞു.
"അഞ്ഞൂറ്...!"
"ഇത് വെച്ച് എന്ത് ചെയ്യുമെന്നയാൾ ആകുലപ്പെട്ടില്ല, നീരസം പ്രകടിപ്പിച്ചതുമില്ല. മനസാക്ഷിയുള്ള അയാൾ അൽപ്പം തുക ഫലസ്‌തീൻ സഹായനിധിയിലേക്ക് സംഭാവന ചെയ്തു. 'ഖദീജുമ്മ; കേരളം, ഇന്ത്യ'."
എങ്ങു നിന്നോ വീശിവന്ന കാറ്റിനൊപ്പം കൂട്ടുവന്ന ബിരിയാണിയുടെ ഗന്ധം ത്വയ്യിബിന്റെ ദുർബലമായ ഉറക്കം തടഞ്ഞു. ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റപ്പോഴാണ് കൈകളിലുള്ള മുറിവും കാലുകളിൽ വരണ്ടുണങ്ങിയ ചോരയും വേദനയുടെ രൂപം പ്രാപിച്ചത്. വിശപ്പിന് വേദനയേക്കാൾ ഊക്കുണ്ടായിരുന്നു. ഭക്ഷണ വാൻ വന്നെന്ന് തോന്നുന്നു. കലപില ശബ്ദം. അവർ ആരും ആർത്തിക്കാരല്ല. സ്വാർഥത അവരെ തൊട്ടുതീണ്ടിയിട്ട് പോലുമില്ല. വിശപ്പ് അവരെ തൽക്കാലത്തേക്കെങ്കിലും ഇപ്പോൾ മാറ്റിയിരിക്കുന്നു. ഒരു പൊതിക്കായി അവനും ആയിരങ്ങൾ നിൽക്കുന്ന വരിയിലിടം പിടിച്ചു. കാത്തിരിപ്പിനൊടുവിൽ കിട്ടിയ ഒരു പൊതി ചോറിൽ മനസ്സറിഞ്ഞ് അവൻ ഹംദ് മൊഴിഞ്ഞു. കൺകളിൽ തെളിഞ്ഞ കണ്ണീരിലൂടെ ഭക്ഷണമെത്തിച്ചവർക്ക് നന്ദി പറഞ്ഞ് അവനോടി.
പണ്ടൊരു വീടായിരുന്ന ചുമരുകൾക്കിടയിൽ അവനിരുന്നു. അവനിരുന്നതിന്റെ തൊട്ടരികിലായി പൊട്ടിയ മേശയുടെയുള്ളിൽ കുഞ്ഞുടുപ്പിട്ടൊരു പെൺകുട്ടി പാറിയ മുടികൾക്കിടയിലൂടെ അവനെ ദയനീയമായി നോക്കുന്നു.
"ലൈല.. ഹംദാൻ വെടിയൊച്ചകളിൽ നിന്നും കാത്ത് സൂക്ഷിച്ച നിധി."
പൊതി തുറന്ന് ഒരുരുള അവൾക്കു നീട്ടി. പാതി മുറിഞ്ഞ ഇടതു കൈ വലതു കയ്യിൽ ചേർത്തു പിടിച്ചു. ഒരു മണി പോലും കളയാതെ ഇരുവരും സ്‌നേഹം കഴിച്ചു; വേദനയടക്കി.
ലൈലയിപ്പോൾ ഭക്ഷണത്തിന്റെ പൊതിയിൽ സൂക്ഷിച്ചു നോക്കുകയാണ്. അതിലെന്തോ കുറിപ്പുണ്ട്.
"സ്കൂൾ മുറ്റത്തെ ഒലിവ് മരച്ചുവട്ടിൽ നാളെ നമുക്ക് കളിക്കാം. ഞാൻ നിനക്കായി എന്റെ പുതിയ ക്രയോണുകൾ കൊണ്ടുവരാം. നമുക്ക് ഒരുമിച്ച് ആകാശവും കടലും വരയ്ക്കണം..."
താഴെയൊരു ചിത്രവുമുണ്ടായിരുന്നു. ലൈലയും ത്വയ്യിബും ഒന്നു വിങ്ങി. അവൻ തന്റെ ബാഗിൽ കയ്യിട്ട് കിട്ടിയ മൂന്ന് ക്രയോണുകൾ പുറത്തെടുത്തു. ചുവപ്പ്, പച്ച, കറുപ്പ്... ആ പേജിനു പിന്നിൽ അവനൊരു ഒലിവ് മരവും കൈകോർത്ത രണ്ട് കുട്ടികളെയും വരച്ചു. ശേഷം ആ ചിത്രം അവൾക്കു നീട്ടി. നഷ്ടപ്പെട്ട കുഞ്ഞുബാല്യം ഒരു നിമിഷം വീണ്ടും പൂത്തെന്ന് അവൾക്കു തോന്നി.
കൂരിരുട്ട്; പൊടുന്നനെ പ്രകാശകിരണങ്ങൾ! നിറയെ നിറച്ചമയങ്ങൾ. ഒരു ഒലിവ് മരം മൂന്നു നിമിഷത്തിൽ വേരിട്ട് പുത്തു കായ്ച്ചു. നല്ല തണൽ, സുഗന്ധം, സന്തോഷം! സ്വർഗത്തിലേക്കൊരു വാതിൽ തുറന്നു വന്നു. ഖദീജുമ്മ ചിരിച്ചു!