Short Story

തോൽവിയാകുന്ന പരീക്ഷണങ്ങൾ

റിൻഷ സി. പി.മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്

പണിയെടുക്കുമ്പോൾ ധരിക്കുന്ന വസ്ത്രമടങ്ങിയ ബാഗ് ഉമ്മറത്തെ പടിയിൽ വച്ച് അബ്ദു ചാരുകസേരയിലേക്ക് നീണ്ട് ഇരുന്നു. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ ജോലിയാണ്. എട്ടുമണിക്കൂറോളം ശരീരമനങ്ങിയതിന്റെ തളർച്ച അയാളുടെ മുഖത്ത് പ്രകടമായിരുന്നു. അടഞ്ഞുപോവുന്ന കണ്ണുകളെ വലിച്ച് തുറന്ന് കൊണ്ടയാൾ ഹാളിലെ ഭിത്തിയിൽ തൂക്കിയിട്ട ക്ലോക്കിലേക്ക് നോക്കി.

നാലുമണി കഴിഞ്ഞിട്ടുണ്ട്. അൽപനേരം കസേരയിലിരുന്ന് ശ്വാസമെടുത്ത അബ്ദു മെല്ലെ എഴുന്നേറ്റു. പുറത്തുള്ള പൈപ്പിലെ വെള്ളം കൊണ്ട് മുഖം അമർത്തി കഴുകി തന്റെ സ്‌കൂട്ടിയുമായി ബസ് സ്റ്റോപ്പിലേക്ക് പോയി.

നാലു മണി കഴിഞ്ഞാൽ അയാളുടെ മകൾ കോളേജ് കഴിഞ്ഞു വരും. കുറച്ചധികം നടക്കാൻ ഉണ്ടായത് കൊണ്ടും കാലിന് വയ്യാതായത് കൊണ്ടും മിക്ക ദിവസങ്ങളിലും അബ്ദു ബസ് സ്റ്റോപ്പിലേക്ക് പോകും. വീടെത്തുന്നത് വരെ, പേര് പോലും അറിയാത്ത ആരുടെയൊക്കെയോ കുറ്റം കേട്ട് ഇരിക്കുകയും ചെയ്യും.

ഇന്ന് പോകുമ്പോൾ കുറച്ചധികം കുറ്റങ്ങൾ അയാൾ പ്രതീക്ഷിച്ചിരുന്നു. പരീക്ഷ പേപ്പർ ഇട്ട മനുഷ്യനെ, പഠിപ്പിക്കുന്ന ടീച്ചറിനെ, പരീക്ഷ എഴുതുമ്പോൾ ഇടക്ക് വന്ന് ഉപദേശപ്രഭാഷണം നടത്തിയ സാറിനെ, എഴുതിയ ഉത്തരം തെറ്റാണെന്ന് പറഞ്ഞ് പേടിപ്പിച്ച സുഹൃത്തിനെ...

"എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ പരീക്ഷ…" ബസ് ഇറങ്ങി വരുന്ന മകളുടെ മുഖത്തെ മാറ്റം കാണെ അയാൾ ചോദിച്ചു.

"പൊട്ടി."

ആരുടെയൊക്കെയോ കുറ്റം പ്രതീക്ഷിച്ച അബ്ദു, കണ്ണ് നിറച്ചുള്ള ഉത്തരം കേട്ട് അമ്പരന്നു പോയി.

"പൊട്ടേ.. നീയാ?"

ഇതിന് മുന്നേ പൊട്ടി എന്ന് പറഞ്ഞ പരീക്ഷയൊക്കെ റിസൾട്ട് വന്നപ്പോൾ ജയിച്ചിട്ടുണ്ട്. ഇതും അങ്ങനെ വല്ലതുമാകുമെന്ന് കരുതി അയാളതിനെ ചിരിച്ച് തള്ളി.

"ഞ... ശരിക്കും പൊട്ടി."

നിറഞ്ഞ് കൊണ്ടിരിക്കുന്ന കണ്ണുനീർ പുറത്തേക്ക് വരാതിരിക്കാനായി കണ്ണ് വിടർത്തിക്കൊണ്ടവൾ അബ്ദുവിന്റെ സ്‌കൂട്ടിക്ക് പിന്നാലെ കയറി.

"എന്താ ഇപ്പൊ ഇത്.. പണ്ടാരം.. എന്തോരം ആൾക്കാർ പൊട്ടീട്ട്ണ്ട്.. ഞാൻ ന്ത്.. പിണ്ണാക്കിനാ കരയുന്നെ.." പുറത്ത് ഉറ്റി വീണ രണ്ട് തുള്ളി തുടച്ച് തുടരെ തുടരെ ശ്വാസമെടുത്ത് അവൾ പറഞ്ഞു.

"ഉപ്പാ.. ഉമ്മാനോട് പറയണ്ട, ഉമ്മ ന്നെ കൊല്ലും.."

വീടിന് മുന്നിൽ വണ്ടി നിർത്തിയ ഉടനെ മുഖം തരാതെ അകത്തേക്ക് പോകാൻ നോക്കുന്നവളെ അബ്ദു പിന്നിൽ നിന്ന് വിളിച്ചു.

"അത് സാരല്യ, അടുത്ത പ്രാവശ്യം എഴുതാ.." അയാളൊന്ന് കണ്ണിറുമ്മി കാണിച്ചു.

പെയിന്റ് കലർന്ന ചെരിപ്പും, വിയർപ്പ് നിറഞ്ഞ കുപ്പായവുമിട്ട് സംസാരിക്കുന്ന ഉപ്പയെ കാണെ ആശ്വാസത്തെക്കാളേറെ അവൾക്ക് തോന്നിയത് വേദനയായിരുന്നു. ഉമ്മറത്തെ ചാരുകസേരയിൽ സ്ഥാനമുറപ്പിച്ച ഉപ്പാന്റെ അടുത്ത് അസ്വസ്ഥതയോടെ അവൾ ഇരുന്നു.

"ഞാൻ പഠിച്ചതാ.. പതിനഞ്ച് ചാപ്റ്റർ ഉണ്ടായിരുന്നു, അതിൽ സാർ ഇമ്പോർട്ടന്റ് പറഞ്ഞ പതിമൂന്നും ഞാൻ പഠിച്ചതാ.. അതീന്ന് ആണേൽ ആകെ നാല് ചോദ്യാ വന്നത്… എല്ലാ കൊല്ലം ഇടുന്ന സ്റ്റൈൽ മാറ്റീട്ട് തോന്നിയ പോലെ പേപ്പർ ഇട്ടതാ അവര്.. എന്നാ പിന്നെ തോന്നിയ പോലെയാ ഇടുന്നത് എന്നെങ്കിലും പറയാ… പുതിയ ഓരോന്ന് കൊണ്ടുവരുമ്പോൾ അതൊന്ന് നോട്ടിഫൈ ചെയ്യാ… എവടെ… ഇന്നലത്തെ പേപ്പറും അങ്ങനെ ആയിരുന്നു... ഞാൻ കാൽക്കുലേറ്ററൊക്കെ വാങ്ങി പോയീട്ട് അത് പുറത്ത് എടുക്കണ്ട ആവശ്യം വന്നിട്ടില്ല… പ്രോബ്ലം പേപ്പർ ന്ന് പേരിന് മാത്രം... എന്താ ചെയ്യാ… കുട്ടികൾ പരാതി കൊടുക്കണം പറയുന്നുണ്ട്… അങ്ങനേലും ഒരു തീരുമാനം ആയാ മതി.."

അവൾ ഒരു നെടുവീർപ്പെട്ടു. അസ്വസ്ഥമായ മനസ്സോടെ ഉമ്മാന്റെ അടുത്തേക്ക് പോയി.

അന്നേരം അബ്ദുവിന്റെ മനസ്സിലേക്ക് വന്നത് രണ്ട് ദിവസം മുന്നേ ടൗണിൽ വച്ച് കണ്ടപ്പോൾ തന്റെ സുഹൃത്തുക്കൾ പറഞ്ഞ കാര്യങ്ങളായിരുന്നു.

"ഒരു കഥ ആണെടോ… പുതിയ ഡിഗ്രി ആണെന്ന് പറഞ്ഞ് കുട്ടികളെ ഇട്ട് ബുദ്ധിമുട്ടിക്കാ... എന്റെ സച്ചുവിന്റെ കാര്യം തന്നെ നോക്ക്... അവൻ ഇഷ്ടപ്പെട്ട് എടുത്ത കോഴ്സ് ആണ്... ജില്ലയിൽ ആകെ രണ്ട് കോളേജിലെ മൾട്ടിമീഡിയ ഉള്ളൂ എന്നും പറഞ്ഞ് ഹോസ്റ്റൽ ഫീ കൊടുത്താ ഞാൻ അവനെ പഠിപ്പിക്കുന്നെ... എന്നിട്ട്, അവന്റെ സ്വന്തം ഡിപ്പാർട്മെന്റിൽ നിന്ന് ആകെ ഒരു വിഷയം പഠിക്കാൻ പറ്റുന്നുള്ളുവത്രേ… ഈ ഒരു വിഷയം പഠിക്കാൻ ആണോ ഞാൻ ഇത്രേം ക്യാഷ് ചിലവാക്കുന്നത്… അല്ലേയ്.. ഒരു കോഴ്സ് തിരഞ്ഞെടുക്കുന്നത് അവന് ഇഷ്ടമുള്ളത് കൊണ്ടല്ലേ.. എന്നിട്ട് അതിലെ വിഷയം അവൻ പഠിക്കരുത് എന്ന് പറഞ്ഞാൽ എവിടുത്തെ ഏർപ്പാടാ..."

"അപ്പൊ എന്റെ മോളോ… Fyugp യുടെ രക്തസാക്ഷിയാണെന്നും പറഞ്ഞാ അവളുടെ നടപ്പ്.. ഈ കഴിഞ്ഞ വെക്കേഷനിൽ എത്ര രൂപയാ എടുത്ത് കൊണ്ടുപോയെന്ന് അറിയോ... ഇന്റേൺഷിപ് ആത്രേ…"

"എന്റെ മകൾ അവർക്ക് ജോലി എടുത്ത് കൊടുക്കുന്നതിന്, ഞാൻ അവൾക്ക് കാശ് കൊടുക്കണമെന്ന്… ഹല്ലേയ്… നമ്മളൊക്കെ പണിക്ക് പോയാൽ കാശ് ഇങ്ങോട്ട് അല്ലേ കിട്ടാ.."

"അങ്ങോട്ട് കാശ് കൊടുക്കേ!?"

"ആ ന്നെ... നിന്റെ റിനു സെക്കന്റ് ഇയർ അല്ലേ... ഇത് കഴിഞ്ഞാൽ അവൾക്കും വരും ഇന്റേൺഷിപ്... മഹി തന്നെ നോക്ക്. നല്ല കമ്പനിയിൽ ഇന്റേൺഷിപ് ചെയ്താൽ ജോലി സാധ്യത കൂടുവെന്നും പറഞ്ഞ് എറണാകുളത്ത് പോയാ ചെയ്തത്... അവിടുന്ന് വന്നതിന്റെ പിറ്റേ ദിവസം പരീക്ഷയും… കുട്ടികളെ ഇട്ടങ്ങ് ബുദ്ധിമുട്ടിക്കുവാന്നെ."

"നിങ്ങൾ രണ്ടാളും ഇങ്ങനെ പറഞ്ഞാൽ എങ്ങനെ... നെഗറ്റീവ് അടിക്കല്ലേ... ഇതിനൊക്കെ അതിന്റേതായ നല്ലതും ഉണ്ടാവും..."

രണ്ടുദിവസം മുന്നേ താനാണ് അവരെ ആശ്വസിപ്പിച്ചത്. വർഷങ്ങളായി കൊണ്ടുനടക്കുന്ന നയങ്ങളിൽ മാറ്റങ്ങൾ വരുമ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരും. അത്രയേ ചിന്തിച്ചുള്ളൂ, ചിന്തിക്കേണ്ടതുമുള്ളൂ. എന്നാലും, എവിടെ നിന്നോ ഒരു പേടി കടന്നുവരുന്നു.

"ഈ പുതിയ പരീക്ഷണം തോൽവിയായി മാറിയാലോ? ചെറിയൊരു വീഴ്ച്ച വന്നാലോ? ആ വീഴ്ച്ചയുടെ ആഘാതം തന്റെ മകളടങ്ങുന്ന കുട്ടികളെ ബാധിച്ചാലോ?"

തീർച്ചയായും, മാറ്റങ്ങൾ അനിവാര്യമാണ്, പരീക്ഷണങ്ങളും. പക്ഷെ ഈ മാറ്റങ്ങൾക്ക് വിധേയരാകുന്നവരോട്, പരീക്ഷണവസ്തുക്കളാകുന്നവരോട്, ഏറ്റവും കൂടുതൽ ഭയപ്പെടുന്നവരോട്, എന്തുകൊണ്ടാരും പരിഗണന കാണിക്കുന്നില്ല??

ഹാളിലെ സോഫയിൽ നിരാശയോടെ കിടക്കുന്ന മകളെ നോക്കവേ അബ്ദു ചിന്തിച്ചു.