പത്താം ക്ലാസ്സിന്റെ പൊടിപിടിച്ച സർട്ടിഫിക്കറ്റ് പെട്ടിക്കടിയിൽ മടക്കി വീട്ടുമുറ്റത്തെ കസേരക്കാലിൽ ഭാവി നീണ്ടുകിടന്നു.
"എന്തെങ്കിലും ആയോ?"ന്ന് കണ്ടവരൊക്കെയും ചായക്കൊപ്പം ചോദിച്ചു.
അമ്മയുടെ വയറ്റിലപ്പോൾ കളക്ടറായിരുന്നു ഞാൻ.
ഇടയ്ക്കിടെ മൊബൈൽ വെളിച്ചത്തിലും റീൽസ് മണമെത്തി തലയിണ കെട്ടിപ്പിടിച്ച് രാത്രി മറിഞ്ഞു, ഞാനും.
നാട്ടിലെ ചായക്കടയിൽ കാണുന്നവരൊക്കെയും "പണിയൊന്നുമില്ലേ?"ന്ന് വിളിച്ചു പേര് പതിച്ചു.
ദണ്ണം മാറാൻ രണ്ടു അപേക്ഷയയച്ചു, പിന്നെയും ഫോം നിറച്ചു, കാശ് മുടിച്ചു.
കണ്ടവരൊക്കെയും ഉപദേശം വിതറി, തന്തയെ നോക്കി, തള്ളയെ നോക്കി, "വളർത്തിയതിങ്ങനെയാ..."ന്ന് വിധി പറഞ്ഞു, ബന്ധുക്കളും.
നോട്ടിഫിക്കേഷൻ കൂടുമ്പോൾ നിരാശകൾ കുമിഞ്ഞുകൂടി ഞാൻ കിടക്കയുടെ ഒരറ്റം തേടി.
ആദ്യമൊന്നുറങ്ങി പിന്നെ കണ്ണ് തുറന്നു, വീണ്ടും മറിഞ്ഞു, അന്ന് രാത്രിക്ക് പ്രഭാതം തെറ്റി.
"പുറത്തിറങ്ങി നോക്ക്"ന്ന് അമ്മ വിളിച്ചു, "നാളെ മുതൽ"ന്ന് ഞാൻ സത്യം ചൊല്ലി, പുതപ്പുമുറുക്കിപ്പിടിച്ച് വീണ്ടും കിടന്നു.
മീശ കറുത്തു മുഖം വാടി കലണ്ടർ മറിഞ്ഞു പ്രായം മാത്രം പണിക്കുപോയി.
തെക്ക് നടന്നു വടക്കും നടന്നു വഴികൾ തീർന്നു ജോലി മാത്രം കണ്ടില്ല.
ഒടുവിൽ ഒരു വിളി വന്നു. അന്ന്, കണ്ടുമുട്ടിയ കാറ്റ് പോലും "ഇന്റർവ്യൂവോ?"ന്ന് ചോദിച്ചു, ഞാൻ ചിരിച്ചു ലോകം മുഴുക്കെ കേട്ടു പുച്ഛപ്പത്രം.
ആദ്യശമ്പളത്തിൽ അമ്മയ്ക്ക് സാരി വാങ്ങി.
അന്നേരം ഇന്നലെവരെ പുച്ഛം വിളമ്പിയവർ ചിരി കടം വാങ്ങി.
"ഞങ്ങളുടെ പയ്യനല്ലേ..."ന്ന് തോളിൽ കൈയിട്ടു.
ഞാൻ മാത്രം പഴയ വിളിപ്പേരുകൾ മനസ്സിൽ മടക്കിവെച്ച്, നിശ്ശബ്ദമായി മുന്നോട്ട് നടന്നു.