അറിവിന്റെ അക്ഷയപാത്രങ്ങൾ, ഇന്ന് കോർപ്പറേറ്റ് ചന്തയിലെ കച്ചവടച്ചരക്കുകൾ. ഇവിടെ ചിന്തകൾക്ക് സബ്സിഡിയില്ല, സ്വപ്നങ്ങൾക്ക് ഈടുവെക്കാൻ സ്വർണ്ണവുമില്ല..!
ബജറ്റ് പ്രസംഗത്തിലെ അക്കങ്ങളിൽ തിളങ്ങിനിന്നു പുതുവിജ്ഞാന ചരിതം, ക്ലാസ് മുറിയിലെ കരിമ്പലകയിൽ എരിഞ്ഞുതീർന്നത് ഒരപ്പന്റെ വിയർപ്പായിരുന്നു..!
അക്ഷരങ്ങൾ ലോണുകളായി മാറുമ്പോൾ, കാമ്പസുകൾ വെറും ബാങ്കുകളായിടുന്നു… ഗ്രാന്റുകൾ വെട്ടിമുറിച്ച കത്രികകൾ വിദ്യാർത്ഥിതൻ കണ്ഠനാളത്തിലമരുന്നു..!
ചരിത്രത്തെ മായ്ക്കാൻ കാവിച്ചായം പൂശിയും ശാസ്ത്രത്തെ തമസ്കരിച്ച് ഇരുട്ടറ തീർത്തും സത്യം തിരഞ്ഞ മനുഷ്യന്റെ കണ്ണിൽ ഭയത്തിന്റെ കരിനിഴൽ വീഴ്ത്തുന്നു..!
പരീക്ഷയെഴുതുമുന്നേ ചോർന്നുപോയ കടലാസ്സുതുണ്ടിനിത്ര ഭാരമോ.!? ചിന്താശേഷിയുള്ള തലമുറയെയല്ല, അവർക്ക് വേണ്ടത് തലയാട്ടുന്ന അടിമകളെയാണ്..!
ചോദ്യങ്ങളാരായുന്ന യുവത്വം ‘ദേശദ്രോഹിയായി’ അഴിയെണ്ണുമ്പോൾ, അന്നം വെടിഞ്ഞ് തെരുവിലിറങ്ങിയ മനുഷ്യനെ കപടമാധ്യമകണ്ണുകൾ കണ്ടില്ലത്രെ..!
ആയുധങ്ങൾക്കപ്പുറം അറിവിനെ നിങ്ങൾ ഭയക്കുന്നതെന്തേ..? വിപണിക്ക് വിൽക്കാത്ത ചിന്തകളെ നിങ്ങൾ ചങ്ങലക്കിടുന്നതെന്തേ?
ഇത് കാമ്പസിന്റെ പ്രതിരോധമാണ്, അക്കങ്ങളിൽ ഒതുങ്ങാത്ത മനുഷ്യരുടെ അണയാത്ത അക്ഷരസമരമാണ്..!