Poem

കരിനിഴൽ

ഫർഹാന ഹാദിയമർകസ് ലോ കോളേജ്, കൈതപ്പൊയിൽ

പണത്തിന്റെ പളപളപ്പിൽ കണ്ണ് മങ്ങി, പകയുടെ കനലുകൾ ഉള്ളിൽ തിളച്ചു മനുഷ്യത്വം മറന്നൊരു നരാധമനന്ന്, മറ്റൊരാത്മാവിനെ തകർക്കുവാൻ തുനിഞ്ഞു.

കണ്ണുകളറിയാത്ത കപടക്കാഴ്ചകൾ, കണ്ടു ഞാൻ നേരിട്ടെന്നു വാദിച്ചുറപ്പിച്ചു.

നീതിപീഠത്തിന്റെ കരിങ്കൽക്കൂട്ടിൽ, നെഞ്ചുപൊട്ടി ആ നിരപരാധി നിന്നു. നിറഞ്ഞ വേദനയാൽ, സത്യമവൻ ഉറക്കെ വിളിച്ചോതി.

പണത്തിന്റെ ഹുങ്കിൽ ഉയർന്നൊരാ കള്ളമൊഴികളാൽ വിധി മറ്റൊന്നായി. ചെയ്യാത്ത തെറ്റിന്റെ കഠിനമാം ഭാരമാ പാവത്തിൻ തോളത്തു തങ്ങി.

ഇരുമ്പുവിലങ്ങുകൾ കൈകളിൽ മുറുകി, കാരാഗ്രഹത്തിന്റെ കൂരിരുട്ടറയിലേക്ക് തള്ളിയിട്ടു. ഇതുതൻ വിജയമെന്ന പേരിലവരാഘോഷിച്ചു.

മകന്റെ നോവ് കണ്ട മാതാവ് നിലവിളിച്ചാർത്തുകരഞ്ഞു. നാഥൻ അകലെയൊരു തടവറയിലായപ്പോൾ, വരുമാനമെത്താത്ത കൂരയിൽ പട്ടിണിയും ദാരിദ്ര്യവും വിരുന്നെത്തി.

മോഹങ്ങൾ, നെഞ്ചിൽ വിരിയിച്ച കുഞ്ഞുങ്ങളുടെ, ചിറകുകൾ ചുറ്റുമുള്ളവർ അറുത്തു വീഴ്ത്തി; അപമാനത്തിന്റെ കരിനിഴൽ ചാർത്തി!

നഷ്ടമായ മാനത്തിനും തകർന്ന ജീവിതത്തിനും മുന്നിൽ, അധികാരക്കസേരകൾ അഹങ്കാരത്തോടെ നിവർന്നിരുന്നു. നിയമവും നീതിയും പണമുള്ളവന്റെ വഴിയെ ഒഴുകിയപ്പോൾ, "പണത്തിനു മീതെ പരുന്തും പറക്കില്ലെ"ന്നവർ പറയാതെ പറഞ്ഞു.